റിയാദ്: ഇറാന്റെ ആക്രമണങ്ങൾക്കെതിരേ നിലപാട് കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. മേഖലയിൽ വർധിച്ചുവരുന്ന ഇറാന്റെ സൈനിക നീക്കങ്ങളും ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് റിയാദിൽ നടന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.
സൗദി അറേബ്യക്കു പുറമെ കുവൈറ്റ്, ലബനൻ, പാക്കിസ്ഥാൻ, ഖത്തർ, സിറിയ, തുർക്കി, യുഎഇ, അസർബൈജാൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ആദ്യപടിയായി ഇറാൻ ആക്രമണങ്ങൾ നിർത്തലാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷികനിയമം, നല്ല അയൽപക്ക ബന്ധങ്ങൾ എന്നിവ ഇറാൻ ബഹുമാനിക്കണമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്ര മാർഗങ്ങൾ സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും യോഗം വ്യക്തമാക്കി.
ഇറാനുമായുള്ള ഭാവിബന്ധം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തരകാര്യങ്ങളിലെ ഇടപെടാതിരിക്കൽ, സൈനികശേഷി ഉപയോഗിച്ച് അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താതിരിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. സ്വന്തം താത്പര്യത്തിനായി അറബ് രാജ്യങ്ങളിലെ സായുധ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും ആയുധവും നൽകുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതോ ബാബ് അൽമന്ദബ് കടലിടുക്കിലെ സമുദ്രസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ ആയ നീക്കങ്ങളിൽനിന്നും ഭീഷണികളിൽനിന്നും ഇറാൻ വിട്ടുനിൽക്കണമെന്നും ലബനന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള അധികാരം ലബനൻ സർക്കാരിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന തീരുമാനത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ജിസിസി രാജ്യങ്ങൾ, ജോർദാൻ, അസർബൈജാൻ എന്നിവയ്ക്കെതിരേ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.